മധുരം ഇല്ലാ ജീവിതം
പൊതുവേ ഞാന്‍ ഒരിക്കലും മധുരപ്രിയനായിരുന്നില്ല. കുട്ടിക്കാലത്ത് പോലും പായസം, ഹല്‍വ, ലഡ്ഡു ഇവ കാണുമ്പോള്‍ അത്ര ആവേശം തോന്നാറില്ലായിരുന്നു. വീട്ടില്‍ ആരെങ്കിലും കേക്ക് വാങ്ങിയാല്‍ എനിക്ക് കിട്ടിയ ഭാഗം പലപ്പോഴും മറ്റാരെങ്കിലും തിന്ന് തീര്‍ക്കുമായിരുന്നു. അങ്ങനെ മധുരത്തോട് ഒരു വലിയ ബന്ധമില്ലാതെ തന്നെ ജീവിതം മുന്നോട്ട് പോയി.
പിന്നീട് ജീവിതം വിദേശത്ത് എത്തി. പ്രാവാസ ജീവിതം തുടങ്ങി. ആദ്യം എല്ലാം പുതുമയായിരുന്നു — ജോലി, ഇടം, ഭാഷ, ഭക്ഷണം. ദിവസവും പാചകം ചെയ്യാനുള്ള സമയം കുറയുകയും, പുറത്തുനിന്നുള്ള ഫാസ്റ്റ് ഫുഡ്, ബർഗർ, പീസ തുടങ്ങിയവ പതിവാകുകയും ചെയ്തു. ഇങ്ങനെ ആഹാരരീതിയിലെ മാറ്റങ്ങൾ ശരീരത്തിൽ പ്രതിഫലിക്കാൻ തുടങ്ങി.
ഒരു ദിവസം വയറുവേദന കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ ചില ടെസ്റ്റുകൾ നിർദ്ദേശിച്ചു. ഫലങ്ങൾ വന്നപ്പോൾ പറഞ്ഞ വാക്ക് എനിക്കൊരു അടിപൊളി ഞെട്ടലായിരുന്നു — “നിനക്ക് പ്രമേഹം (ഡയബീറ്റിസ്) ഉണ്ട്.”
ആ വാക്ക് കേട്ടപ്പോൾ മനസ്സ് പൊളിഞ്ഞുപോയി. എനിക്ക് ഇത്രയും പെട്ടെന്ന് ആ രോഗം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ കൈയിൽ മരുന്നും മനസ്സിൽ ഒരു ഭാരവും കൂടി. കൂട്ടുകാർ ഓരോരുത്തരും അവരുടെ ഉപദേശങ്ങളുമായി എത്തി —
“മധുരം മുഴുവൻ ഒഴിവാക്കണം.”
“ചോറ് പാടില്ല.”
“നടക്കണം, ഓടണം.”
“ഇനി ലൈഫ് മുഴുവൻ ഗുളിക കഴിക്കേണ്ടി വരും.”
ആദ്യകാലത്ത് ഭയത്തോടെയാണ് എല്ലാം തുടങ്ങിയത്. പക്ഷേ അതിനിടയിൽ ഒരു ചിന്ത — ഈ രോഗം എനിക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി പേർക്ക് ഉണ്ട്, പക്ഷേ പലരും അതിനെ നിയന്ത്രണത്തിൽ നിർത്തി നല്ല ജീവിതം നയിക്കുന്നു.
അങ്ങനെ ഞാൻ എനിക്ക് തന്നെ ഒരു ചലഞ്ച് നൽകി. ശരീരഭാരം 85 കിലോയിൽ നിന്ന് 70 ആയി കുറച്ചു. ഭക്ഷണക്രമം പൂർണ്ണമായും മാറ്റി. പുലർച്ചെ എഴുന്നേറ്റു നടക്കാൻ തുടങ്ങി, വെള്ളം കൂടുതൽ കുടിച്ചു, മധുരം കർശനമായി നിയന്ത്രിച്ചു. ഗുളിക കഴിക്കുന്നത് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട്, ഡോക്ടറുടെ മാർഗ്ഗനിർദ്ദേശപ്രകാരം ഡയറ്റ് നിയന്ത്രണത്തിലൂടെ തന്നെ രോഗം കൈകാര്യം ചെയ്യാൻ ശ്രമിച്ചു.
ജീവിതത്തിൽ ഒരു പ്രചോദനമായി നിന്നത് ക്രിക്കറ്റർ വസിം അക്രമാണ്. അദ്ദേഹത്തിന് പ്രമേഹം ഉണ്ടായിരുന്നിട്ടും ഏഴ് വർഷം കൂടി ക്രിക്കറ്റ് കളിച്ചു, അതും മികച്ച പ്രകടനവുമായി. ആ കഥ എനിക്ക് ഒരുപാട് ധൈര്യം നൽകി. “രോഗം വന്നാലും, ജീവിതം അവസാനിക്കുന്നില്ല” എന്ന തിരിച്ചറിവ് അതിലൂടെ കിട്ടി.
ഇപ്പോഴെനിക്ക് മധുരം കഴിക്കാൻ തോന്നുന്ന വേളകളുണ്ടാകും. യാത്രകളിൽ, കൂട്ടുകാരുടെ കൂട്ടത്തിൽ, ഒരുപാട് ദിവസങ്ങൾക്ക് ശേഷം ആഗ്രഹം തോന്നിയാൽ ചിലപ്പോൾ ചെറിയൊരു സ്വീറ്റ് കഴിക്കും. പക്ഷേ ബാക്കി എല്ലാം നിയന്ത്രണത്തിലുണ്ട്.
മധുരം വിലക്കപ്പെട്ടതായാൽ അത് തന്നെയാണ് മനസിനെ കൂടുതൽ ആകർഷിക്കുന്നത്. മനുഷ്യന്റെ സ്വഭാവം അതാണ് — ലഭിക്കാത്തത് തന്നെയാണ് കൂടുതൽ മധുരം തോന്നിക്കുന്നത്.
എന്നാൽ ഇന്നെനിക്ക് മനസ്സിലായി, ജീവിതത്തിൽ മധുരം എന്നത് ഭക്ഷണത്തിലല്ല, ആത്മനിയന്ത്രണത്തിലാണ്. ഒരു രോഗം വന്നതോടെ ജീവിതം അവസാനിക്കുന്നില്ല; മറിച്ച് അതാണ് ഒരു പുതിയ അധ്യായത്തിന്റെ തുടക്കം — കൂടുതൽ ശ്രദ്ധയോടെയും കരുതലോടെയും ജീവിക്കാൻ പഠിക്കുന്ന ഒരു പാഠം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ